നെടുമ്പാശേരി: താളംതെറ്റിക്കൊണ്ടിരിക്കുന്ന ഇൻഡിഗോ വിമാന സർവീസുകൾ കഴിഞ്ഞ ഒരാഴ്ചയായി നെടുമ്പാശേരിയിൽ യാത്രക്കാരെ വലയ്ക്കുന്നു.
ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നത് ശബരിമല തീർഥാടകരാണ്. യാത്രക്കാർക്ക് മുൻകൂട്ടി വിവരങ്ങൾ ലഭിക്കുന്നില്ലെന്നതാണു പ്രധാന പരാതി . ബദൽ സംവിധാനത്തെ സംബന്ധിച്ച് ഉറപ്പും ലഭിക്കുന്നില്ല .
പല വിമാനങ്ങളും എട്ടുമുതൽ 15 വരെ മണിക്കൂർ വരെ വൈകിയാണ് എത്തുന്നത്. നൂറുകണക്കിന് യാത്രക്കാർ വിമാനത്താവളത്തിൽ തങ്ങുന്നുണ്ട്.
ഒരോ ദിവസവും നാളെമുതൽ വിമാനങ്ങൾ സർവീസ് നടത്തുമെന്നാണ് യാത്രക്കാർക്ക് ആവർത്തിച്ചുലഭിക്കുന്ന മറുപടി. ഡൽഹി, മുംബൈ, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, ഭുവനേശ്വർ, പൂന, ജയ്പുർ, ലക്നോ, പാറ്റ്ന, റായ്പുർ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാരാണ് കൂടുതൽ ദുരിതമനുഭവിക്കുന്നത്.